നെടുമ്പാശേരി: കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ വിജയകരമായി നടത്തി.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) നേതൃത്വത്തിൽ ഡിഎച്ച്സി 6-400 ട്വിൻ ഒട്ടർ സീപ്ലെയിൻ വിമാനം ഉപയോഗിച്ചാണ് മൂന്ന് പരീക്ഷണപ്പറക്കലുകൾ നടത്തിയത്. കൊച്ചിയിൽനിന്ന് അഗത്തിയിലേക്കുള്ള യാത്രയും, അഗത്തിയിലെ വാട്ടർ എയറോഡ്രോമിൽ പരിശീലനവും പരീക്ഷണപ്പറക്കലും, അഗത്തിയിൽനിന്ന് കൊച്ചിയിലേക്കുള്ള മടക്കയാത്രയുമാണ് ഇന്നലെ നടത്തിയത്.
രാവിലെ 9.30 ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 11.30ന് അഗത്തിയിലെത്തി. തുടർന്ന് 11.35 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ വാട്ടർ എയറോഡ്രോമിൽ പ്രാദേശിക പരിശീലനപ്പറക്കൽ നടത്തി. അവസാന സെക്ടർ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകിട്ട് 4.45 വരെയായിരുന്നു.
സീപ്ലെയിനിൽ 19 യാത്രക്കാർ ഉണ്ടായിരുന്നു. ഈ വിമാനത്തിന്റെ പരമാവധി ടേക്ക്-ഓഫ് ഭാരം 5670 കിലോഗ്രാം ആണ്. ഇന്നും നാളെയുമായി കൽപ്പേനി, കവരത്തി, കഠ്മത്ത്, കിൽത്താൻ ദ്വീപുകൾ എന്നിവ ഉൾപ്പെടുത്തി കൂടുതൽ പരീക്ഷണപ്പറക്കലുകൾ നടത്തും.